ന്യൂഡൽഹി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന എല്ലാ പ്രമുഖ സർവേകളും എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടക്കുമെന്ന് ഏകകണ്ഠമായി പ്രവചിക്കുന്നു.
126 സീറ്റുകളുള്ള അസം നിയമസഭയിൽ ഭരണമുറപ്പിക്കാൻ 64 സീറ്റുകളാണ് വേണ്ടത്. ജെവിസി, ആക്സിസ് മൈ ഇന്ത്യ തുടങ്ങിയ ഏജൻസികൾ എൻഡിഎ സഖ്യത്തിന് 100 സീറ്റുകൾ വരെ ലഭിക്കാമെന്ന് പ്രവചിക്കുന്നു. ഹിമന്ത ബിശ്വ ശർമ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും ഫലം കണ്ടുവെന്നാണ് ഈ സൂചനകൾ നൽകുന്നത്.
ശക്തമായ പ്രചാരണം നടത്തിയിട്ടും കോൺഗ്രസ് സഖ്യത്തിന് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. പരമാവധി 40 സീറ്റുകൾ വരെ മാത്രമേ പ്രതിപക്ഷത്തിന് ലഭിക്കാൻ സാധ്യതയുള്ളൂവെന്ന് സർവേകൾ പറയുന്നു. എഐയുഡിഎഫ് ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ചില സർവേകൾ 12 സീറ്റുകൾ വരെ നൽകുന്നുണ്ടെങ്കിലും ഭരണമാറ്റത്തിന് അത് മതിയാകില്ല.
എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാണെങ്കിൽ അസമിൽ ബിജെപി സഖ്യം കൂടുതൽ കരുത്തോടെ അധികാരം നിലനിർത്തും. മേയ് 4-ലെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.